ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കടലു വച്ച വൈപ്പിന്‍ ദ്വീപിന്റെ (അ.ഉ.14-ാം ശതകം) വര്‍ഷങ്ങളുടെ കൃത്യത ക്ളിപ്തപ്പെടുത്താന്‍ കഴിയില്ലെങ്കിലും കടലുവച്ച കരയാണ്  ചേരാനല്ലൂര്‍ എന്ന നിരീക്ഷണ വാദത്തിന് ഭൂസ്ഥിതികള്‍ ദൃഷ്ടാന്തമേകുന്നു. കോകസന്ദേശ കാലത്ത് കോഴിക്കോട്ടു നിന്ന് ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തെക്കോട്ട് കൊല്ലത്തേക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂര്‍ സ്ഥിതി ചെയ്യുന്നത് എന്നു കാണുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ ചേരാനല്ലൂര്‍ കുഞ്ചുകര്‍ത്താവിനെ സംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചി രാജാവിന്റെ സൈനികതലവനും ദേശവാഴിയുമായിരുന്നു. അതുകൊണ്ടു തന്നെ കര്‍ത്താവിന് പ്രത്യേക രാജപദവികള്‍ ലഭിച്ചിരുന്നു. നാണയ വ്യവസ്ഥ നടപ്പാക്കുന്നതിനുമുമ്പ് ചരക്കുകൈമാറ്റ സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. വിഷുനാള്‍ മാത്രം നടത്തുന്ന ചന്തയാണ് വിഷുമാറ്റം. കോകസന്ദേശത്തില്‍ പരാമര്‍ശ വിഷയമാകുന്നില്ലെങ്കിലും ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. എന്നാല്‍ ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രത്തെ സംബന്ധിച്ച് കോക സന്ദേശകാരന്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മാരാപ്പറമ്പ് ക്ഷേത്രത്തിന്റെ കരിങ്കല്‍ത്തറയുടെ പ്രത്യേക നിര്‍മ്മിതിയുടെ ശില്പരീതി വച്ച് ആദിയില്‍ അത് ജൈനക്ഷേത്രവും പിന്നീട് ശിവക്ഷേത്രവുമായി മാറിയതാണെന്ന് പറയുന്നു. ശതകങ്ങള്‍ നീണ്ട പഴമയുടെ ചരിത്രമാണ് ഈ നാടിന് അവകാശപ്പെടാനുള്ളത്. ചേരാനല്ലൂരിലെ ഒരു കൃഷ്ണന്‍ കര്‍ത്താവ് കൊച്ചി രാജാവിന്റെ സംസ്കൃത സദസ്സില്‍ ഉണ്ടായിരുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ ചേരാനല്ലൂര്‍ കുഞ്ചു കര്‍ത്താവിനെ സംബന്ധിച്ച് പറയുന്നുണ്ട്. ഇവിടെയാണ് നവോത്ഥാന ദിശയില്‍ അധ:സ്ഥിതന്റെ മോചന ഗീതമെഴുതി ഒരു വെള്ളി നക്ഷത്രമായി മാറിയ കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ പിറന്നത്. തലമുറകള്‍ കൈമാറിയ കേരളത്തിന്റെ തനതു കലാ രൂപമായ കഥകളി രംഗത്ത് പ്രശോഭിതനായി തീര്‍ന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും ദേശീയ സ്വാതന്ത്ര്യസമരകാലഘട്ടത്തിന്റെ അന്ത്യനാളുകളില്‍ സ്വാതന്ത്ര്യപ്രേരിതങ്ങളായ കവിതകളെഴുതി വൈജ്ഞാനിക സാഹിത്യ രംഗത്ത് ഇന്നും പുത്തനറിവുകള്‍ ഏകുന്ന വി.വി.കെ. വാലത്തും ഈ ഗ്രാമത്തിന്റെ പുത്രന്മാരാണ്. ഹിന്ദുക്കള്‍, ക്രൈസ്തവര്‍, മുസ്ളീമുകള്‍ തുടങ്ങിയ പ്രബല മതവിഭാഗങ്ങളും ഇവിടെയുണ്ട്. ഈ മൂന്നു മതസ്ഥരുടേയുംആരാധനാലയങ്ങള്‍ വിവിധ വാര്‍ഡുകളില്‍ നിലകൊള്ളുന്നു. 1200 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവീക്ഷേത്രം പഞ്ചായത്തിലെ പ്രശസ്തമായ ക്ഷേത്രമാണ്.  കഥകളിചാക്യാര്‍ക്കൂത്ത്ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്രകലകള്‍ ഒരുകാലത്ത് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പോഷിപ്പിക്കപ്പെട്ടിരുന്നു. കേരളത്തില്‍ അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചേരാനല്ലൂര്‍ മാരാപറമ്പ് അമ്പലം. തെക്കന്‍ ഗുരുവായൂര്‍ എന്ന് അറിയപ്പെടുന്ന തെക്കന്‍ ചിറ്റൂരിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. എല്ലാ ക്ഷേത്രങ്ങളിലും ആണ്ടോടാണ്ട് നടത്തിവരാറുള്ള ഉത്സവങ്ങളോടനുബന്ധിച്ച് തദ്ദേശവാസികളുടേതുള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറാറുണ്ട്. ഇന്ന് അന്യംനിന്നു കൊണ്ടിരിക്കുന്ന കളമെഴുത്ത് പാട്ട്യക്ഷിതുള്ളല്‍, സര്‍പ്പം തുള്ളല്‍ എന്നീ അനുഷ്ഠാനകലകള്‍ അമ്പലക്കടവ് രുധിരമാല ക്ഷേത്രത്തില്‍ ഇന്നും നടത്താറുണ്ട്. ഒരു ശതാബ്ദത്തിലേറെ പഴക്കമുളള സെന്റ് ജയിംസ് ദേവാലയംസെന്റ് മേരീസ് ലത്തീന്‍ പള്ളിസെന്റ് മേരീസ് സിറിയന്‍ പള്ളിചിറ്റൂര്‍ തിരുഹൃദയ ദേവാലയം തുടങ്ങിയ പള്ളികളുടെ തിരുനാളുകളോട് അനുബന്ധിച്ച് വര്‍ഷംതോറും വിവിധ കലാപരിപാടികള്‍ നടത്താറുണ്ട്. മുസ്ളീം ആരാധനാലയങ്ങളും പഞ്ചായത്തതിര്‍ത്തിയിലുണ്ട്. വിഭിന്ന മതസ്ഥരുടെ ആവാസ കേന്ദ്രമായ ഈ ദേശം മതസൌഹാര്‍ദ്ദത്തിന് പേരു കേട്ടതാണ്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെ ചേരാനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക വായനശാല പ്രവര്‍ത്തിച്ചിരുന്നു. 1943-ല്‍ സ്ഥാപിതമായ ഈ വായനശാല കണയന്നൂര്‍ താലൂക്കിലെ എ ഗ്രേഡ് വായനശാലയാണ്. വിദ്യാഭ്യാസം സമൂഹത്തില്‍ സാര്‍വ്വത്രികതലത്തിലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഈ വായനശാല സ്ഥാപിതമായത്.